Tuesday, August 25, 2009

ആദിവാസികള്‍‍ _യൂണിറ്റ് 3

കുറിച്യര്‍

കേരളത്തിലെ വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ആദിവാസി വര്‍ഗമാണ് കുറിച്യര്‍. ആദിവാസികളിലെ ഏറ്റവും ഉയര്‍ന്നജാതിയായി ഇവര്‍ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റു ജാതിക്കാരെ താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവര്‍ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിക്കുന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളഅയി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണീയായി ഇവരെ കാണുന്നു. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവര്‍.

പേരിനു പിന്നില്‍

കന്നട പദങ്ങളായ കുറിയ (മല), ചിയന്‍(ആളുകള്‍) എന്നിവയില്‍ നിന്ന് മലയില്‍ വസിക്കുന്നവര്‍ എന്നര്‍ത്ഥത്തില്‍‍ കുറിചിയന്‍ അഥവാ കുറിച്യര്‍ എന്ന പദം രൂപമെടുത്തത്. കുറിക്ക് കൊള്ളുന്ന അമ്പയക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേരുണ്ടായത് എന്ന് മറ്റു ചിലര്‍ കരുതുന്നു.


ഐതിഹ്യം

ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളില്‍ പ്രധാനപ്പെട്ടവവയില്‍ ഒന്ന് ഇങ്ങനെയാണ്: കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാര്‍ക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടില്‍ കഴിഞ്ഞതിനഅല്‍ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാര്‍ പുറത്താക്കി. ശരണാര്‍ത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടില്‍ കൃഷി ചെയ്യാന്‍ രാജാവ് അനുവദിക്കുകയും അവര്‍ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.

ചരിത്രം

കണ്ണൂര്‍ ജില്ലയിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന ഈ വിഭാഗം ചരിത്രപരമായ കാരണങ്ങളാല്‍ വയനാട്ടില്‍ എത്തിച്ചേര്‍ന്നതാവുമെന്നാണ്‌ കരുതുന്നത്. കൊട്ടിയൂര്‍ പ്രദേശത്ത് പ്രാചീനകാലം മുതല്‍ക്കേ കുറിച്യര്‍ അധിവസിച്ചിരുന്നത്. പഴശ്ശിരാജാവിനുമായി കുറിച്യര്‍ക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു.


സംസ്കാരങ്ങള്‍

അയിത്താചാരം

കാട്ടിലെ ഏറ്റവും ഉയര്‍ന്ന വര്‍ഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളില്‍ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തില്‍ അശുദ്ധമായാല്‍ മുങ്ങിക്കുളിക്കാതെ വീട്ടില്‍ പ്രവേശിക്കാന്‍ പാടില്ലസ്വന്തം മിറ്റത്തു നിന്ന് പുറത്തിറങ്ങിയാല്‍ അയിത്തമായി എന്നവര്‍ ധരിക്കുന്നു. ബ്രാഹ്മണര്‍ക്കും വയനാട്ടിലെ പഴയ നായന്മാര്‍ക്കും ഒഴിച്ച് മറ്റെല്ലാവര്‍ക്കും അവര്‍ അയിത്തം കല്പിച്ചിരിക്കുന്നു.ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ്‍ ഇവര്‍ അയിത്തക്കാരെ അകറ്റുന്നത്. ഈ സമ്പ്രദായം കര്‍ക്കശമായി പാലിച്ചിരുന്നതിനാല്‍ മറ്റുള്ള ആദിവാസികളില്‍ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവര്‍ക്ക് നിഷിദ്ധമായിരുന്നു.


ആരാധന

മലോന്‍, മലകാരി , കരിമ്പിലിപൊവുതി(കരമ്പില്‍ ഭഗവതി]] അതിരാളന്‍ തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പന്‍, ഭദ്രകാളി, ഭഗവതി തുടങ്ങിയവരുമുണ്ട്. ഇതില്‍ തങ്ങളുടെ കാണപ്പെട്ട ദിവമായി മലക്കാരിയെ വിശ്വസിക്കുന്നു. പരമശിവനാണ്‌ വേടന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമത്രെ. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍ ഇവര്‍ക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളില്‍ നിന്നുള്ള മോചനം, ബാധയില്‍ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കല്‍ എന്നിവയാണ്‌ മലക്കാരിയുടെ പ്രധാനം അനുഗ്രഹങ്ങള്‍. കരിമ്പിലി ഭഗവതി സ്ത്രീകള്‍ക്ക് സുഖപ്രസവം, പാതിവ്രത്യസം‌രക്ഷണം, എന്നിവ നിര്‍വഹിക്കുന്നു.


വേട്ടയാടല്‍

അമ്പും വില്ലും കുറിച്യരുടെ ജീവിതത്തില്‍ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേള്‍പ്പിക്കുക എന്ന ചടങ്ങ് ഇവര്‍ക്കിടയിലുണ്ട്. കുറിച്യന്‍ മരിച്ചാല്‍ കുഴിമാടത്തില്‍ അമ്പും വില്ലും കുത്തി നിര്‍ഹ്ത്റ്റുന്നു. മാംസം ഇവരുടെ പ്രധാനാഹാരമാണ്‌. പൂജകള്‍ക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.


കലകള്‍

മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താല്‍ കുറിച്യര്‍ക്ക് കലവാസന അല്പം കുറവാണ്. എങ്കില്‍ത്തന്നെ മാന്‍പാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകള്‍ ഇവര്‍ക്കുമുണ്ട്.

കാട്ടുനായ്ക്കര്‍

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ആദിവാസി വര്‍ഗമാണ് കാട്ടുനായ്ക്കര്‍. തേന്‍കുറുമര്‍ എന്നും ഇവര്‍ അറിയപ്പെടുന്നു.

ഇവര്‍ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. ഒന്നോ രണ്ടോ മാസം ഒരു പ്രദേശത്ത് കൂട്ടമായി താമസിക്കും. അവിടെയുള്ള ഭക്ഷണ വിഭവങ്ങള്‍ തീര്‍ന്നാല്‍ മറ്റൊരിടം തേടി യാത്രയാകും. ഒരിടം വിട്ട് പോകുമ്പോള്‍ ഉപയോഗിച്ചിരുന്ന ചട്ടി, കലം, കത്തി തുടങ്ങിയ ഉപകരണങ്ങള്‍ അവര്‍ ഉപേക്ഷിക്കുകയോ ഗുഹകളിലും പൊത്തുകളിലും മറ്റും ഒളിപ്പിച്ച്വെക്കുകയോ ചെയ്യും. തേനും കാട്ടുകിഴങ്ങുകളും കായ്കളുമൊക്കെയാണ് ഇവരുടെ പ്രധാന ആഹാരം. ഇറച്ചിയും ഇവരുടെ ഇഷ്ട ഭക്ഷണമാണ്. മികച്ച നായാട്ടുകാരല്ല എങ്കിലും അമ്പും വില്ലും ഉപയോഗിച്ച് കാട്ടുകിളികളേയും കാട്ടാടുകളെയും മറ്റും ഇവര്‍ വേട്ടയാടും.

പുതിയ സ്ഥലത്തേക്ക് മാറുമ്പോള്‍ ഇവര്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനായി നാട്ടിലേക്ക് വരും. ഇതിനുള്ള പണമുണ്ടാക്കുന്നതിനായി ഇവര്‍ ആനയെ കെട്ടാനുള്ള കയറണ്ടാകാന്‍ ഉപയോഗിക്കുന്ന കരിനാരുകള്‍ ശേഖരിച്ച് വില്‍ക്കും. കിട്ടുന്ന പണംകൊണ്ട് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിയശേഷം ഇവര്‍ കാട്ടിലേക്ക് മടങ്ങും.

കൊയ്ത്തുകാലത്ത് കാട്ടുനായ്ക്കര്‍ കാടിനരികിലുള്ള നെല്‍വയലുകളിലേക്കിറങ്ങും. വയലിനരികിലുള്ള മാളങ്ങളിലെ എലികളെ പിടിക്കുകയാണ് ഉദ്ദേശ്യം. എലികളോടൊപ്പം അവയുടെ മാളങ്ങളില്‍ സൂക്ഷിച്ച് വച്ചിട്ടുള്ള നെല്ലും ഇവര്‍ എടുക്കും. എലിയും നെല്ലും പാകം ചെയ്ത് ഭക്ഷിക്കും.

യാരി, മസ്തിദൈവം, ഹെന്തപ്പിന്‍(മുത്തപ്പന്‍) എന്നിങ്ങനെ പല ദൈവങ്ങള്‍ കാട്ടുനായ്ക്കര്‍ക്കുണ്ട്. എന്നാല്‍ വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ഇവര്‍ക്കില്ല.

അടിയര്‍

കേരളത്തിലെ വയനാട് ജില്ലയില്‍ കാണപ്പെടുന്ന ഒരു ആദിവാസി വര്‍ഗമാണ് അടിയര്‍. അടിമ എന്നാണ് അടിയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. കന്നഡയും മലയാളവും കലര്‍ന്നതാണ് ഇവരുടെ ഭാഷ. പ്രധാന തൊഴില്‍ കൃഷിയാണ്. സ്വയം കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവര്‍ വയനാട്ടിലെത്തിയ ജന്മിമാരുടെ അടിമകളായി മാറുകയായിരുന്നു.

മൂപ്പന് ദൈവങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ഗോത്രത്തില്‍ വലിയ അധികാരമാണ് മൂപ്പനുള്ളത്.


ആചാരങ്ങള്‍
വിചിത്രമായ പല ആചാരങ്ങളും അടിയര്‍ക്കുണ്ട്. രോഗ ചികിത്സയുമായി ബന്ധപ്പെട്ട ഒരു ആചാരം ഇങ്ങനെയാണ്. ഒരാള്‍ രോഗിയാകുമ്പോള്‍ മൂപ്പന്‍ ഒരു കോഴിയുടെ തല വെട്ടുന്നു. തല തെക്കോട്ട് വീക്ഷിക്കുകയാണെങ്കില്‍ രോഗിയെ ചികിത്സിക്കരുത്. അയാള്‍ മരിക്കണമെന്നാണ് ദൈവഹിതം. മറിച്ചാണെങ്കില്‍ അയാളെ ചികിത്സിക്കാം. തെറ്റ് ചെയ്തതിന് ദൈവം നല്‍കുന്ന ശിക്ഷയാണ് രോഗം എന്നാണ് അടിയരുടെ വിശ്വാസം. തെറ്റിന് പരിഹാരമായി അവര്‍ക്ക് വളരെ വിലപ്പെട്ടതായ പിച്ചള വളകള്‍ ദൈവത്തിന് സമര്‍പ്പിക്കണം. ആ വള‍കള്‍ പിന്നീട് മൂപ്പന്‍ എടുക്കും. രോഗം മാറിയാല്‍ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് ഒരു പ്രത്യേക പൂജ ചെയ്യണം. ഇതും വളരെ പണച്ചെലവുള്ള കാര്യമാണ്.

കാണിക്കാര്‍

കേരളത്തില്‍ ഏലമലയില്‍ കോട്ടയാര്‍ തടാകത്തിനു ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ കാണിക്കാര്‍. ആനകളുടെ സഞ്ചാരപാതയില്‍ നിന്നും ദൂരെ മാറി മുള‌ ഉപയോഗിച്ചാണ്‌ കാണിക്കാരുടെ കുടിലുകള്‍ നിര്‍മ്മിക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകള്‍ തൂണുകള്‍ക്കും മരത്തിനും മുകളിലായിരിക്കും നിര്‍മ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാര്‍ ഭക്ഷണമാക്കുന്നതെങ്കിലും ചിലര്‍ മധുരക്കിഴങ്ങ്, കരിമ്പ് , ധാന്യങ്ങള്‍, എന്നിവയും കാട്ടില്‍ കൃഷി ചെയ്യുന്നു. കവണ ഉപയോഗിച്ചാണ്‌ ഇവര്‍ ഭക്ഷണം തേടുന്നത്. കെണികള്‍ ഉപയോഗിച്ച് മീനേയും എലികളേയും പിടിക്കുന്നു. കാട്ടില്‍ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാര്‍ ഭക്ഷണമാക്കുന്നു. പെരുച്ചാഴി കാണിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമഅണ്‌. മുളകൊണ്ടുള്ള ഒരു‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാര്‍ തീയുണ്ടാക്കുന്നത്. പരുത്തി വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവര്‍ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. മുള കൊണ്ട് ഇവര്‍ നിര്‍മ്മിക്കുന്ന ഒരു പ്രത്യേക സംഗീതോപകരണമാണ്‌ കൊക്കര. മുള പൊളിച്ച് അതില്‍ വെട്ടുകളുണ്ടാക്കിയാണ്‌ ഇത് നിര്‍മ്മിക്കുന്നത്. ഇതില്‍ മറ്റൊരു കമ്പുകൊണ്ട് ഉരസിയാണ്‌ ശബ്ദമുണ്ടാക്കുന്നത്.

മുഡുഗര്‍

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കണ്ടുവരുന്ന ഒരു ആദിവാസിവര്‍ഗമാണ് മുഗുഡര്‍. വാളയാര്‍ കാടുകളിലും ഇവരെ കാണാം. അഗളി,പരൂര്‍ എന്നിവിടങ്ങളിലാണ് മുഗുഡര്‍ അധികമായുള്ളത്. മുഗുഡ സ്ത്രീകള്‍ കൊച്ചുകുട്ടികളെ മുതുകില്‍ കെട്ടിത്തൂക്കി നടക്കാറുണ്ട്. അതില്‍നിന്നാണ് മുതുഗര്‍ അഥവാ മുഗുഡര്‍ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പ്രാകൃത തമിഴാണ് ഭാഷ. മൂവായിരത്തിയഞ്ഞൂറോളം വരും ഇവരുടെ ജനസംഖ്യ.

വയനാട്ടിലെ ഊരാളിക്കുറുമരുമായി മുഗുഡര്‍ക്ക് സാമ്യമുണ്ട്. ഈ വര്‍ഗങ്ങളിലുള്ളവര്‍ തമ്മില്‍ വിവാഹവും ചെയ്യാറുണ്ട്. മലകളില്‍ കെട്ടിയുണ്ടാക്കിയ കൊച്ചു പുല്‍ക്കുടിലുകളിലാണ് മുഗുഡരുടെ താമസം. കൃഷിയില്‍ താത്പര്യമില്ലാത്ത ഇവര്‍ക്ക് നായാട്ട് വളരെ ഇഷ്ടമാണ്. കാട്ടില്‍ ചത്തുകിടക്കുന്ന മൃഗങ്ങളുടെ മാംസം വരെ ഇവര്‍ ഭക്ഷിക്കും. ശിവരാത്രിയില്‍ ഇവര്‍ മല്ലീശ്വരന്‍ മുടിയില്‍‍ പോയി വിളക്ക് കൊളുത്താറുണ്ട്. മുഗുഡ ഗോത്രങ്ങള്‍ക്ക് മൂപ്പന്മാരുണ്ട്. മൃഗങ്ങളേയും വൃക്ഷങ്ങളെയും ഇവര്‍ ആരാധിക്കുന്നു.

ആളാര്‍‍

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍‌ മാത്രമുള്ള ഒരു ആദിവാസിവര്‍ഗമാണ് ആളാര്‍. ഗുഹകളീല്‍ പാര്‍ക്കുന്നവര്‍ എന്നാണ് ആളാര്‍ എന്ന പേരിന്റെ അര്‍ത്ഥം എന്ന് കരുതപ്പെടുന്നു. ചാത്തന്മാര്‍ എന്നറിയപ്പെടാനാണ് ഇവര്‍ക്കിഷ്ടം.[അവലംബം ആവശ്യമാണ്] കേരളത്തിലെ ഏറ്റവും പ്രാചീന വര്‍ഗങ്ങളില്‍ ഒന്നാണിവര്‍. ജനസംഖ്യ വളരെ കുറവാണ്. തമിഴും തുളുവും കലര്‍ന്നതാണ് ഭാഷ.

പ്രാകൃതമായ ജീവിതരീതിയാണ് അളാരുടേത്. കാട്ടില്‍ അലഞ്ഞുനടന്ന് ചത്ത മൃഗങ്ങളുടെ മാംസം പോലും ഇവര്‍ ആഹാരമാക്കാറുണ്ട്. ഒരിടത്തും സ്ഥിരതാമസമാക്കാത്ത ഇവര്‍ പാറകളിലും ഗുഹകളിലും മരങ്ങളിലുമൊക്കെയാണ് ജീവിക്കുന്നത്. കുരങ്ങന്മാരെ പിടിക്കുന്നതില്‍ വിദഗ്ദ്ധരാണിവര്‍. പട്ടികളെ വളര്‍ത്തുന്നതില്‍ വലിയ കമ്പമാണ് ആളാര്‍ക്ക്.

ആദിവാസികളും തിരുനെല്ലിയും

വയനാട് ജില്ലയില്‍ ഏറ്റവും കുടുതല്‍ ആദിവാസികള്‍ ഉള്ള പഞ്ചായത്ത് തിരുനെല്ലിയാണ്. അടിയാന്‍, പണിയന്‍, കുറിച്യര്‍, മുള്ള കുറുമര്‍ എന്നീ ആദിവാസി വിഭാഗങ്ങള്‍ക്ക് പുറമെ, കര്‍ണാടകത്തില്‍ നിന്നുവന്ന ഇടനാടന്‍ ചെട്ടിമാര്‍, ഉരുദവര്‍ എന്നീ ജാതി വിഭാഗങ്ങളും തിരുനെല്ലിയിലുണ്ട്. ഇവര്‍ ഏത് കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് അദിവാസമുറപ്പിച്ചത് എന്നത് വ്യക്തമല്ല.

ആദിവാസികളില്‍ അടിയാന്മാരാണ് ജനസംഖ്യയില്‍ ഇവിടെ കൂടുതല്‍. ഇവരുടെ ആചാരവിശേഷങ്ങളില്‍ കാണപ്പെടുന്ന കര്‍ണാടക ദേശസ്വാധീനവും ഭാഷാപരമായ പ്രത്യേകതകളും കണക്കിലെടുക്കുമ്പോള്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വന്ന ചെട്ടികളുടെയും ബ്രാഹ്മണരുടെയും കൂടെ എത്തിയവരാകാം അടിയാന്മാര്‍ എന്ന ഊഹത്തിന് ബലമേറുന്നു. അവര്‍ തൃശ്ശിലേരിയിലും തിരുനെല്ലിയിലും മുഖ്യമായും അമ്പലവാസി ജനവിഭാഗങ്ങളുടെ അടിമപ്പണിക്കാരായിരുന്നു. എവിടെയായിരുന്നാലും ചെട്ടിമാര്‍, ഗൌണ്ടന്മാര്‍, അമ്പലവാസി വിഭാഗക്കാരായ മാരാന്മാര്‍, എമ്പ്രാശന്മാര്‍, വാര്യന്മാര്‍, പട്ടന്മാര്‍, നമ്പൂതിരിമാര്‍ തുടങ്ങിയവരുടെ അടിമകളായിട്ടാണ് അധികവും കഴിഞ്ഞുകൂടിയിരുന്നത്..... പണിയരെപ്പോലെതന്നെ വള്ളിയൂര്‍ക്കാവ് ഉത്സവകാലത്ത് അടിയാന്മാരും വില്‍പ്പനക്കെത്തിയിരുന്നു (ഡോ. പി ജി പദ്മിനി, കാട്ടുജീവിതത്തിന്റെ സ്പന്ദനതാളങ്ങള്‍ പുറം-76).

കൊടിയ ചൂഷണത്തിന്റെയും അതിരറ്റ മനുഷ്യാവകാശലംഘനങ്ങളുടെയും ചരിത്രമാണ് ഇവിടുത്തെ ആദിവാസികളുടെ ഭൂതകാലം. സ്വച്ഛന്ദമായ ജീവിതം നയിച്ചിരുന്ന തങ്ങളെ പലവിധ ചതികളില്‍പ്പെടുത്തി അടിമകളാക്കി മാറ്റിയതിനെക്കുറിച്ചുള്ള കരളലിയിക്കുന്ന ഐതിഹ്യങ്ങള്‍ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട് (കെ ജെ ബേബിയുടെ 'മാവേലിമന്റ'ത്തിലും പി വത്സലയുടെ 'നെല്ലി'ലും ആദിവാസികള്‍ നേരിട്ട അടിമത്താവസ്ഥയുടെ നേര്‍ചിത്രം കാണാം.)

തിരുനെല്ലിയുടെയും തൃശ്ശിലേരിയുടെയുമെല്ലാം ഭൂതകാലത്തെക്കുറിച്ച് പറയുമ്പോള്‍ പലരും തദ്ദേശീയരില്‍ ഭൂരിപക്ഷമായ ആദിവാസിവിഭാഗങ്ങളെക്കുറിച്ച് മൌനംപാലിക്കുകയാണ് പതിവ്. ഇവരെ പൂര്‍ണമനുഷ്യരായി കരുതിയിരുന്നുവോ എന്നുതന്നെ സംശയമാണ്. വയനാടിന്റെ നാനാഭാഗങ്ങളിലും ആദിവാസികളെ അടിമകളാക്കിയിരുന്നെങ്കിലും അതിന്റെ ക്രൌര്യം ഏറ്റവും കൂടുതല്‍ അരങ്ങേറിയത് തിരുനെല്ലി, തൃശ്ശിലേരി ഭാഗങ്ങളിലാണെന്ന് കാണാം.

പണ്ട് ഒരടിമ നിതാന്ത അടിമത്തമാണ് അനുഭവിച്ചിരുന്നതെങ്കില്‍ പിന്നീടത് ഒരു ജന്മിക്ക് കീഴില്‍ ഒരു വര്‍ഷമെന്ന രീതിയിലേക്ക് മാറി. മാനന്തവാടിക്കടുത്ത വള്ളിയൂര്‍കാവിലെ ഉത്സവനാളിലായിരുന്നു ഈ അടിമകളെ കൈമാറുന്ന ചടങ്ങ് നടന്നിരുന്നത്. 1970 കളുടെ ഒടുവില്‍ മാത്രമാണ് ഈ അടിമക്കച്ചവടം നിര്‍ത്തലാക്കിയത്. അന്നത്തെ അടിമച്ചന്തയെക്കുറിച്ച് ആദിവാസി ഗവേഷകനായ കെ പാനൂര്‍ ഇങ്ങനെയെഴുതി:

"വളളിയൂര്‍കാവിലെ അടിമക്കച്ചവടം നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ഒരേര്‍പ്പാടായിരുന്നു എന്നതാണ് സത്യം. മാനന്തവാടിക്കടുത്തുള്ള വള്ളിയൂര്‍കാവില്‍ മീനം ഒന്നാം തീയതി ഉത്സവം തുടങ്ങുന്നു. 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവകാലത്ത് വയനാട്ടിലെ പണിയരും അടിയരും വള്ളൂരമ്മയുടെ മുമ്പാകെ എത്തിച്ചേരുന്നു- വയനാട്ടിലെ ജന്മിമാരും അന്ന് അവിടെ എത്തും. ഓരോ ജന്മിയും ഒരു കൊല്ലക്കാലം അതായത് വള്ളിയൂര്‍കാവിലെ അടുത്തകൊല്ലത്തെ ഉത്സവം തുടങ്ങുന്നതുവരെ തന്റെ വയലില്‍ അടിമജോലി ചെയ്തുകൊള്ളാമെന്ന കരാറിന്മേല്‍ കാലിച്ചന്തയില്‍നിന്ന് കന്നുകാലികളെ തെരഞ്ഞെടുക്കുന്ന മട്ടില്‍, ഒരു കൂട്ടം പണിയരെയും അടിയരെയും അന്നവിടെവച്ച് വള്ളിയൂര്‍കാവിലെ ഭദ്രകാളിയുടെ മുമ്പാകെ അടിമപ്പണം കൊടുത്ത് വിലയ്ക്കെടുക്കുന്നു. വിവാഹം കഴിഞ്ഞവരാണെങ്കില്‍ ആണിന് 10ക. തോതിലും പെണ്ണിന് 5ക. തോതിലും അടിമപ്പണം കൊടുക്കും. വിവാഹം കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് രണ്ടര ക. തോതില്‍ മാത്രമേ വിലയുള്ളൂ. ജന്മിമാര്‍ ഈ ചടങ്ങ് കാവില്‍വച്ച് നടത്തുന്നതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ. വള്ളൂരമ്മ ആദിവാസികള്‍ വളരെയേറെ ഭയപ്പെടുന്ന ദേവതയാണ്- അവര്‍ക്ക് ദീനം ഉണ്ടാകുന്നതും സുഖപ്പെടുത്തുന്നതും ഈ ദേവതയാണ്. അതുകൊണ്ട് വള്ളൂരമ്മ സാക്ഷിയായി നടക്കുന്ന കരാര്‍ പാലിക്കേണ്ടത് തങ്ങളുടെ കടമയായി അവര്‍ കരുതുന്നു. പ്രവൃത്തിയില്‍ ഉപേക്ഷ കാണിക്കുകയോ ഒളിച്ചോടിപ്പോവുകയോ ചെയ്താല്‍ ഭദ്രകാളി കോപിക്കുകയും കഠിന രോഗംവരുത്തി ശിക്ഷിക്കുകയും ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. ദേവന്മാരും ജന്മിമാരും തമ്മില്‍ അങ്ങനെയൊരു ധാരണയുണ്ടായിരുന്നു! കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ ഒളിച്ചോടിയവരെ പിടിച്ച് തിരിച്ചേല്‍പ്പിക്കാന്‍ പൊലീസുംകൂടി സഹായിച്ചിരുന്നുപോല്‍! ഒരടിമയായാല്‍ ജന്മിയുടെ വയല്‍ക്കരയില്‍ത്തന്നെ കുടുമ്പുകെട്ടി താമസിക്കാനുള്ള സൌകര്യം അനുവദിച്ചുകിട്ടും. അങ്ങനെ വള്ളൂരമ്മയുടെ പ്രീതിക്കുവേണ്ടി എന്നതിലേറെ ജന്മി നല്‍കുന്ന താമസസൌകര്യത്തിനും 'കാടിക്കഞ്ഞി'ക്കുള്ള വകക്കുംവേണ്ടി അവര്‍ അടിമകളായി ജീവിക്കുകയായിരുന്നു ''(കേരളത്തിലെ ആഫ്രിക്ക-പുറം 99).

മുപ്പത്തിയഞ്ചുവര്‍ഷം അടിമപ്പണിയെടുത്ത, അടിമ സമുദായമൂപ്പനും തൃശ്ശിലേരി സ്വദേശിയും ഗദ്ദിക കലാകാരനും ഫോക്ലോര്‍ അക്കാദമി പ്രസിഡന്റുമായിരുന്ന പി കെ കാളന്‍ വള്ളിയൂര്‍കാവിലെ അടിമ വ്യാപാരരീതി ഇങ്ങനെ ഓര്‍ത്തെടുത്തു: "ഉത്സവദിവസം ഞങ്ങള്‍ കുടുംബസമേതം വള്ളിയൂര്‍കാവിലേക്ക് പോകും. ഞങ്ങളുടെ മൂപ്പന്മാരൊക്കെ അവിടെയെത്തിയിട്ടുണ്ടാവും. ഞങ്ങള്‍ വിശാലമായ ക്ഷേത്രമൈതാനത്ത് പായവിരിച്ചും വിരിക്കാതെയും ഇരിക്കും. അപ്പോള്‍ ഓരോ ജന്മിയും ഇടയില്‍ വന്ന് അവര്‍ക്കിഷ്ടപ്പെട്ട തടിമിടുക്കും ആരോഗ്യവുമുള്ളവരെ തെരഞ്ഞെടുക്കും. 'നിങ്ങള്‍ ഞങ്ങളുടെ കൂടെ വാ' എന്നു പറയും. ഒടുവില്‍ മൂപ്പന്മാരുമായി അവര്‍ കരാര്‍ ഉറപ്പിക്കും. തമ്പുരാന്‍ ആരെന്നോ എവിടെയുള്ള ആളെന്നോ നോക്കാതെ ഞങ്ങള്‍ അവരുടെ പിന്നാലെ പോകും. നാല്‍പ്പതും അമ്പതും അടിമകള്‍ ഒരു ജന്മിക്ക് കീഴിലുണ്ടാകും. തമ്പുരാന്റെ വിശാലമായ കൃഷിയിടത്തില്‍ കുടില്‍ കെട്ടാന്‍ അനുവദിക്കില്ല. ഉപയോഗക്ഷമമല്ലാത്ത കാട്ടുപ്രദേശം കാണിച്ചുതരും. ഞങ്ങള്‍ അവിടെ കുടിലുകെട്ടും. കുടിലിനുചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് മാവും പിലാവും വാഴയുമെല്ലാം നടും. അവ അല്‍പ്പം വളരുമ്പോള്‍ ഉടമ പറയും: "ഇനി നിങ്ങള്‍ ഇവിടെ താമസിക്കേണ്ട, അക്കരെ കുന്നില്‍ താമസിച്ചോ''എന്ന്. ഞങ്ങള്‍ കുടിലും പരിസരവും വിട്ട് അടുത്ത കാട്ടുപ്രദേശത്തുപോകും. പഴയത് ആവര്‍ത്തിക്കും. ഇങ്ങനെ വഞ്ചനയിലൂടെ കാട് തെളിച്ച് തമ്പുരാന്‍ പാടം വികസിപ്പിച്ചെടുക്കും. (ആഴ്ചവട്ടം -2006, ജനു. 29, 'അടിമനിരോധനത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍).

വയനാട്ടിലെ അടിമത്തൊഴിലാളിയുടെ ഒരു ദിനം എങ്ങനെയായിരുന്നു എന്ന് തൃശ്ശിലേരിയിലെ മാതൈ മൂപ്പന്‍ എന്ന മുന്‍ അടിമത്തൊഴിലാളി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്: "പുലര്‍ച്ചെ കോഴി കൂവുന്നത് കേട്ടാല്‍ വയലിലെത്തണം. ചെറിയ അസുഖങ്ങളൊന്നും ഇതിന് തടസ്സമല്ല. ഏരുകെട്ടല്‍ (നിലമുഴുതല്‍) ആണെങ്കില്‍ 12 മണിവരെ തുടരും. 12 മണിക്ക് പുരുഷന്മാര്‍ക്ക് രണ്ടുസേര്‍ നെല്ലും സ്ത്രീകള്‍ക്ക് ഒരു സേര്‍ നെല്ലും കൂലിയായി കിട്ടും. അത് കുടിലില്‍കൊണ്ടുപോയി കുത്തി കഞ്ഞിവച്ച് കുടിക്കും. വീണ്ടും വയലിലേക്ക് പണിക്കിറങ്ങും. അല്ലെങ്കില്‍ കാട്വെട്ടി തോട്ടമാക്കാന്‍ കുന്നിന്‍ പ്രദേശങ്ങളിലേക്ക് പോകും. ഇരുട്ടുപരക്കുന്നതുവരെ ജോലി തുടരും. ഉച്ചക്ക് കിട്ടിയ നെല്ലില്‍ ബാക്കിയുള്ളതുകൊണ്ട് (ഉണ്ടെങ്കില്‍) കഞ്ഞിവയ്ക്കും. പലപ്പോഴും പട്ടിണിയായിരിക്കും. രാവിലെ എന്നും മുഴുപ്പട്ടിണിയാണ്. ഭക്ഷണം കഴിക്കാതെയാണ് പണിക്കിറങ്ങുന്നത്. നേരം അല്‍പ്പം വൈകിയാല്‍ തെറി കേള്‍ക്കേണ്ടിവരും. ''(അതേ ദിനപത്രം)

വേതനമായി പണം നല്‍കുന്ന രീതി ഒരിക്കലുമുണ്ടായിരുന്നില്ല. വല്ലിയാണ് (നെല്ല്) നല്‍കിയിരുന്നത്. അതുകൊണ്ട് 'വല്ലിപ്പണി' എന്ന് അടിമത്തൊഴിലിനെ വിളിച്ചിരുന്നു. 'കുണ്ടല്‍പ്പണി' എന്നും പറയാറുണ്ട്. എല്ലാ ദിവസവും കൃത്യമായി വല്ലി നല്‍കുന്ന രീതിയൊന്നും നിലനിന്നിരുന്നില്ല. ഇടിയും തൊഴിയും തെറിയും പതിവായിരുന്നു. അടിമകള്‍ക്ക് നാല്‍ക്കാലികളേക്കാള്‍ ഉയര്‍ന്ന സ്ഥാനം ഒരു കാലത്തും ഉടമകള്‍ നല്‍കിയിരുന്നില്ല. എന്നുമാത്രമല്ല ഒരു കാലത്ത് വില്‍ക്കുവാനും വാങ്ങുവാനും പണയംവയ്ക്കുവാനും പറ്റുന്ന വസ്തുവായിരുന്നു അടിമ. കൈപ്പാടന്‍ എന്ന പണിയനെ സുഭരായ പട്ടര്‍ എട്ടണയ്ക്ക് പണയംവച്ചതിന്റെ രേഖകള്‍ തുക്കിടി മുന്‍സിഫ് കോടതി രേഖകളില്‍ ലഭ്യമാണ്. മാനന്തവാടിയിലെ പ്രമുഖ ജന്മി കുടിയേറ്റക്കാരനായ ഒരു കൃസ്ത്യാനിക്ക് സ്ഥലം വില്‍പ്പന നടത്തിയപ്പോള്‍ ആധാരവ്യവസ്ഥയില്‍ '600 ഏക്കര്‍ സ്ഥലവും 60 ആദിവാസികുടുംബവും' എന്നെഴുതിയതായി കെ ജെ ബേബി പറയുന്നു.

Friday, September 28, 2007

എന്റെ ഗുരുനാഥന്‍ - വള്ളത്തോള്‍

ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍

താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍

ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം
കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍

ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്‍
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍

ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?'

ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍


പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം

ക്രിസ്്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
ക്കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും


ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാ?ാ‍രെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍


ഹാ, തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ദ്ദര്‍ശിച്ചെന്നാല്‍
കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍;
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചനന്‍,
അശുദ്ധന്‍ പരിശുദ്ധന്‍, അലസന്‍ സദായാസന്‍!

ആതതപ്രശമനാമത്തപസ്വിതന്‍ മുന്നില്‍
ആതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!

കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്കു
പട്ടണനടുത്തട്ടും പര്‍വ്വതഗുഹാന്തരം!

ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധര്‍മ്മകൃഷകന്റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ

ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസമാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ
അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!

ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ

ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ്്‌വരൂ
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ;
നമസ്തേ സുമഹാത്മന്‍, നമസ്തേ ജഗല്‍ഗുരോ!

ഭാഗം4 ആധുനികകവിത

ആസ്വാദനക്കുറിപ്പെഴുതുക

ഒലി
ഒളപ്പമണ്ണ

കിഴവനാണെങ്കിലുമക്കൃഷിക്കാരന്‍ തന്‍
വയലിന്‍ വരമ്പത്തു വന്നിരിക്കും
മക്കളക്കണ്ടം കിളയ്ക്കുന്നതും നോക്കി
നട്ടുച്ചയോളം ചടഞ്ഞിരിക്കും.
ചളിയില്‍പ്പുരണ്ടവരൂരുന്ന കാളതന്‍
കളിയോട്ടം കണ്ടു ചൊടിച്ചിരിക്കും.
ഞാറു പെണ്ണുങ്ങള്‍ നടുമ്പൊഴുമക്കരെ-
ച്ചേറിന്റെ ഗന്ധം ശ്വസിച്ചിരിക്കും.
തെളിമയില്‍ക്കാളയും മക്കളും ചോലയില്‍-
ക്കുളികഴിഞ്ഞെത്തുവാന്‍ കാത്തിരിക്കും
താനുമിച്ചേറ്റില്‍പ്പിരണ്ടു കൂത്താടിയ
കാലം മനസ്സിലെണീറ്റിരിക്കും.
വാര്‍ദ്ധക്യംകൊണ്ടു വിറയ്ക്കുമച്ചുണ്ടത്തു
വാക്കുകളിങ്ങനെ വന്നിരിക്കും:
'തിന്നും കുടിച്ചും കളിച്ചുമിബ്ഭൂമിയില്‍
എന്നെന്നും കൂത്തടിക്കുന്നു നമ്മള്‍!'

(തെരഞ്ഞെടുത്ത കവിതകള്‍, 1988)

ശിക്ഷ
ഒളപ്പമണ്ണ

ഉണ്ണിയെ വല്ലാതെ ഞാന്‍ തല്ലിനേന്‍, അവനൊന്നു
തെള്ളിനാന്‍; ഇന്നേവരെത്തല്ലിയില്ലവനെ ഞാന്‍.
ചോദിച്ചാല്‍ച്ചോദിച്ചതു, പിളുത്തിച്ചോദിച്ചാലോ
ചോദിക്കാത്തതുകൂടി കൊടുക്കാറുണ്ടീയച്ഛന്‍.
മറ്റാരുമല്ലാ വാങ്ങാനച്ഛനൂരിയ തന്ത-
ക്കുപ്പായം-കുഞ്ഞിക്കൈയും നീട്ടിവന്നിടുമുണ്ണി.
തനിച്ചു കുടിക്കുവാനച്ഛനുവയ്യാ കാപ്പി,
കുടിച്ചീടണമല്ലോ കുട്ടനും കുഞ്ഞിക്ലാസില്‍.
പല്ലുതേയ്ക്കുമ്പോള്‍ച്ചാരത്തണയും; അച്ഛന്നൊപ്പം
ഉണ്ണിക്കുമെന്നും കുനുംപല്ലു തേയ്ക്കണമല്ലോ.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ക്കണ്ണു ചിമ്മണമെങ്കില്‍
അരികെക്കിടന്നച്ഛന്‍ കളവായുറങ്ങണം.
അച്ഛനുണ്ടെങ്കില്‍ തനിയ്ക്കെല്ലാരുമായീ; പിന്നെ
അമ്മ വേണ്ടപോ,ലായ വേണ്ടപോ,ലാരും വേണ്ടാ.
തല്ലുകൊണ്ടയ്യോ, പാവം, തരിച്ചുനില്‍പ്പൂ പച്ച-
ക്കണ്ണുമായ്‌; കരയാത്തതെന്തു നൊന്തിട്ടും കുട്ടന്‍?

(തെരഞ്ഞടുത്ത കവിതകള്‍ 1988)


കാള
ഒളപ്പമണ്ണ

വളപ്പിനുള്ളില്‍, വെളിമ്പറമ്പില്‍-
ക്കൊഴുത്തുരുണ്ടൊരു കാള

കണ്ടതു തിന്നു നടന്നൂ
കണ്ടച്ചേറ്റിലുരുണ്ടൂ
ചോലത്തണ്ണീരുണ്ടൂ
കൂറ്റന്‍കുത്തി നടന്നൂ.

കാളയ്ക്കിന്നൊരു വേളി
നാളെ മറ്റൊരു വേളി
മറ്റന്നാളും നാലാന്നാളും
വേറെ വേറെ വേളി
നാടുമുഴുക്കെ മക്കളു;മെന്നാ-
ലില്ല തനിക്കൊരു ഭാരം.

നീളെ നീളെക്കാലുമകത്തി,-
പ്പൂഞ്ഞയുയര്‍ത്തി നടക്കാം.
ഇങ്ങനെയുള്ളൊരു കാളേ,
നിനക്കു സുഖമാണല്ലോ!
വിചാരമെന്നൊന്നില്ല,
വിശേഷബുദ്ധിയുമില്ല,
ഇന്നലെയില്ല, നാളെയുമില്ല,
മനസ്സിലാധിയുമില്ല.

(തിരഞ്ഞെടുത്ത കവിതകള്‍ 1988)

കിനാവുകാണുന്ന കൊച്ചുകണ്ണ്‌
വൈലോപ്പിള്ളി

ഒരു പളുങ്കിന്‍ചില്ലെനിക്കു കിട്ടീ,
ഒരു രസം, കാണുവാന്‍, കൈയില്‍വെക്കാന്‍.
പതിവിനത്താഴം കഴിഞ്ഞു രാവില്‍
പഠനമുറിയിലെത്തൂവിളക്കില്‍
പളുപളെ മിന്നും പളുങ്കുചില്ലില്‍
പതിയുന്ന കണ്ണുമായ്‌ ഞാനിരുന്നു.
കതിര്‍ചിന്നുമക്കൊച്ചു ദീപനാളി-
ക്കെതിരേ പിടിച്ചാ പളുങ്കിലൂടേ,
ഇടതുകണ്‍ ചിമ്മി, വലതുകണ്ണാല്‍
ഇളകാതെ നോക്കുമ്പോ,ഴെത്ര ചിത്രം!
മഴവില്ലുകൊണ്ടുള്ള ഗോപുരങ്ങള്‍,
മരതക മാണിക്യ തോരണങ്ങള്‍!
അവയിലൂടുള്ളില്‍ കടന്നുചെന്നേന്‍
അവസാനമില്ലാത്ത പാതയൂടെ.
ഒടുവിലാ സ്വര്‍ണ്ണം പടുത്ത മാര്‍ഗ്ഗം
ഒരു നീലക്കൊട്ടാരക്കെട്ടിലേയ്ക്കോ?
അതിനുള്ളി,ലേഴാംനിലയി,ലാരാ-
ണലര്‍ നെയ്തു വില്ലൂസുമെത്ത ചാരി?
ഒരു കൊച്ചു രാജകുമാരി, താനേ
ചിരിപൂണ്ടു വീണയും മീട്ടി വാഴ്‌വൂ!
അവളീ വിപത്തറിവീലയെന്നോ?
അരികിലൊരുഗ്രമാം കാളസര്‍പ്പം
ഫണവും വിരുത്തിക്കഴുത്തു നീട്ടി,-
യണയുന്നു,-ഞ്ഞാനാ ചുമരില്‍നിന്നും
ഒരു നീണ്ട വാളെടുത്തൂരി വീശി
വെറിപൂണ്ട മൂര്‍ഖനെ വെട്ടിവീഴ്ത്താന്‍.
അതുനേരമയ്യോ പതിച്ചിതെന്റെ
മുതുകിലെന്നച്ഛന്റെ മൂത്ത ചൂരല്‍.
തറയില്‍ വീണാച്ചില്ലുടഞ്ഞുപോ,യെന്‍
കരളിലെക്കൊച്ചു കിനാവുമെല്ലാം!.

(വൈലോപ്പിള്ളിക്കവിതകള്‍-രണ്ടാംഭാഗം)

Thursday, September 27, 2007

സ്വാഗതം

ദയവായി കാക്കുക...