Friday, September 28, 2007

എന്റെ ഗുരുനാഥന്‍ - വള്ളത്തോള്‍

ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍

താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍

ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം
കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍

ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്‍
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍

ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?'

ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍


പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം

ക്രിസ്്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
ക്കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും


ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാ?ാ‍രെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍


ഹാ, തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ദ്ദര്‍ശിച്ചെന്നാല്‍
കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍;
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചനന്‍,
അശുദ്ധന്‍ പരിശുദ്ധന്‍, അലസന്‍ സദായാസന്‍!

ആതതപ്രശമനാമത്തപസ്വിതന്‍ മുന്നില്‍
ആതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!

കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്കു
പട്ടണനടുത്തട്ടും പര്‍വ്വതഗുഹാന്തരം!

ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധര്‍മ്മകൃഷകന്റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ

ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസമാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ
അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!

ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ

ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ്്‌വരൂ
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ;
നമസ്തേ സുമഹാത്മന്‍, നമസ്തേ ജഗല്‍ഗുരോ!

ഭാഗം4 ആധുനികകവിത

ആസ്വാദനക്കുറിപ്പെഴുതുക

ഒലി
ഒളപ്പമണ്ണ

കിഴവനാണെങ്കിലുമക്കൃഷിക്കാരന്‍ തന്‍
വയലിന്‍ വരമ്പത്തു വന്നിരിക്കും
മക്കളക്കണ്ടം കിളയ്ക്കുന്നതും നോക്കി
നട്ടുച്ചയോളം ചടഞ്ഞിരിക്കും.
ചളിയില്‍പ്പുരണ്ടവരൂരുന്ന കാളതന്‍
കളിയോട്ടം കണ്ടു ചൊടിച്ചിരിക്കും.
ഞാറു പെണ്ണുങ്ങള്‍ നടുമ്പൊഴുമക്കരെ-
ച്ചേറിന്റെ ഗന്ധം ശ്വസിച്ചിരിക്കും.
തെളിമയില്‍ക്കാളയും മക്കളും ചോലയില്‍-
ക്കുളികഴിഞ്ഞെത്തുവാന്‍ കാത്തിരിക്കും
താനുമിച്ചേറ്റില്‍പ്പിരണ്ടു കൂത്താടിയ
കാലം മനസ്സിലെണീറ്റിരിക്കും.
വാര്‍ദ്ധക്യംകൊണ്ടു വിറയ്ക്കുമച്ചുണ്ടത്തു
വാക്കുകളിങ്ങനെ വന്നിരിക്കും:
'തിന്നും കുടിച്ചും കളിച്ചുമിബ്ഭൂമിയില്‍
എന്നെന്നും കൂത്തടിക്കുന്നു നമ്മള്‍!'

(തെരഞ്ഞെടുത്ത കവിതകള്‍, 1988)

ശിക്ഷ
ഒളപ്പമണ്ണ

ഉണ്ണിയെ വല്ലാതെ ഞാന്‍ തല്ലിനേന്‍, അവനൊന്നു
തെള്ളിനാന്‍; ഇന്നേവരെത്തല്ലിയില്ലവനെ ഞാന്‍.
ചോദിച്ചാല്‍ച്ചോദിച്ചതു, പിളുത്തിച്ചോദിച്ചാലോ
ചോദിക്കാത്തതുകൂടി കൊടുക്കാറുണ്ടീയച്ഛന്‍.
മറ്റാരുമല്ലാ വാങ്ങാനച്ഛനൂരിയ തന്ത-
ക്കുപ്പായം-കുഞ്ഞിക്കൈയും നീട്ടിവന്നിടുമുണ്ണി.
തനിച്ചു കുടിക്കുവാനച്ഛനുവയ്യാ കാപ്പി,
കുടിച്ചീടണമല്ലോ കുട്ടനും കുഞ്ഞിക്ലാസില്‍.
പല്ലുതേയ്ക്കുമ്പോള്‍ച്ചാരത്തണയും; അച്ഛന്നൊപ്പം
ഉണ്ണിക്കുമെന്നും കുനുംപല്ലു തേയ്ക്കണമല്ലോ.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ക്കണ്ണു ചിമ്മണമെങ്കില്‍
അരികെക്കിടന്നച്ഛന്‍ കളവായുറങ്ങണം.
അച്ഛനുണ്ടെങ്കില്‍ തനിയ്ക്കെല്ലാരുമായീ; പിന്നെ
അമ്മ വേണ്ടപോ,ലായ വേണ്ടപോ,ലാരും വേണ്ടാ.
തല്ലുകൊണ്ടയ്യോ, പാവം, തരിച്ചുനില്‍പ്പൂ പച്ച-
ക്കണ്ണുമായ്‌; കരയാത്തതെന്തു നൊന്തിട്ടും കുട്ടന്‍?

(തെരഞ്ഞടുത്ത കവിതകള്‍ 1988)


കാള
ഒളപ്പമണ്ണ

വളപ്പിനുള്ളില്‍, വെളിമ്പറമ്പില്‍-
ക്കൊഴുത്തുരുണ്ടൊരു കാള

കണ്ടതു തിന്നു നടന്നൂ
കണ്ടച്ചേറ്റിലുരുണ്ടൂ
ചോലത്തണ്ണീരുണ്ടൂ
കൂറ്റന്‍കുത്തി നടന്നൂ.

കാളയ്ക്കിന്നൊരു വേളി
നാളെ മറ്റൊരു വേളി
മറ്റന്നാളും നാലാന്നാളും
വേറെ വേറെ വേളി
നാടുമുഴുക്കെ മക്കളു;മെന്നാ-
ലില്ല തനിക്കൊരു ഭാരം.

നീളെ നീളെക്കാലുമകത്തി,-
പ്പൂഞ്ഞയുയര്‍ത്തി നടക്കാം.
ഇങ്ങനെയുള്ളൊരു കാളേ,
നിനക്കു സുഖമാണല്ലോ!
വിചാരമെന്നൊന്നില്ല,
വിശേഷബുദ്ധിയുമില്ല,
ഇന്നലെയില്ല, നാളെയുമില്ല,
മനസ്സിലാധിയുമില്ല.

(തിരഞ്ഞെടുത്ത കവിതകള്‍ 1988)

കിനാവുകാണുന്ന കൊച്ചുകണ്ണ്‌
വൈലോപ്പിള്ളി

ഒരു പളുങ്കിന്‍ചില്ലെനിക്കു കിട്ടീ,
ഒരു രസം, കാണുവാന്‍, കൈയില്‍വെക്കാന്‍.
പതിവിനത്താഴം കഴിഞ്ഞു രാവില്‍
പഠനമുറിയിലെത്തൂവിളക്കില്‍
പളുപളെ മിന്നും പളുങ്കുചില്ലില്‍
പതിയുന്ന കണ്ണുമായ്‌ ഞാനിരുന്നു.
കതിര്‍ചിന്നുമക്കൊച്ചു ദീപനാളി-
ക്കെതിരേ പിടിച്ചാ പളുങ്കിലൂടേ,
ഇടതുകണ്‍ ചിമ്മി, വലതുകണ്ണാല്‍
ഇളകാതെ നോക്കുമ്പോ,ഴെത്ര ചിത്രം!
മഴവില്ലുകൊണ്ടുള്ള ഗോപുരങ്ങള്‍,
മരതക മാണിക്യ തോരണങ്ങള്‍!
അവയിലൂടുള്ളില്‍ കടന്നുചെന്നേന്‍
അവസാനമില്ലാത്ത പാതയൂടെ.
ഒടുവിലാ സ്വര്‍ണ്ണം പടുത്ത മാര്‍ഗ്ഗം
ഒരു നീലക്കൊട്ടാരക്കെട്ടിലേയ്ക്കോ?
അതിനുള്ളി,ലേഴാംനിലയി,ലാരാ-
ണലര്‍ നെയ്തു വില്ലൂസുമെത്ത ചാരി?
ഒരു കൊച്ചു രാജകുമാരി, താനേ
ചിരിപൂണ്ടു വീണയും മീട്ടി വാഴ്‌വൂ!
അവളീ വിപത്തറിവീലയെന്നോ?
അരികിലൊരുഗ്രമാം കാളസര്‍പ്പം
ഫണവും വിരുത്തിക്കഴുത്തു നീട്ടി,-
യണയുന്നു,-ഞ്ഞാനാ ചുമരില്‍നിന്നും
ഒരു നീണ്ട വാളെടുത്തൂരി വീശി
വെറിപൂണ്ട മൂര്‍ഖനെ വെട്ടിവീഴ്ത്താന്‍.
അതുനേരമയ്യോ പതിച്ചിതെന്റെ
മുതുകിലെന്നച്ഛന്റെ മൂത്ത ചൂരല്‍.
തറയില്‍ വീണാച്ചില്ലുടഞ്ഞുപോ,യെന്‍
കരളിലെക്കൊച്ചു കിനാവുമെല്ലാം!.

(വൈലോപ്പിള്ളിക്കവിതകള്‍-രണ്ടാംഭാഗം)

Thursday, September 27, 2007

സ്വാഗതം

ദയവായി കാക്കുക...